പെരിന്തൽമണ്ണ: പട്ടിക്കാട് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരെ (ഡിആർഎം) ട്രെയിൻ ടൈം ചീഫ് കോ ഓർഡിനേറ്റർ സലിം ചുങ്കത്ത്, ഓൾ ഇന്ത്യ ഒബിസി മഞ്ച് നാഷണൽ വൈസ് പ്രസിഡന്റ് ഫസൽ റഹ്മാൻ എന്നിവർ സന്ദർശിച്ചു. നിലന്പൂർ-ഷൊർണൂർ റൂട്ടിലെ യാത്രക്കാരുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ അടിയന്തരമായി സ്ഥാപിക്കേണ്ട വെയ്റ്റിംഗ് ഷെൽട്ടർ നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും ഡിആർഎം മധുക്കർ റൊട്ട് പറഞ്ഞു.
യാത്രക്കാരുടെ സൗകര്യത്തിന് അനുസൃതമായി പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും താമസിയാതെ പട്ടിക്കാട് സ്റ്റേഷൻ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്ങാടിപ്പുറം എഫ്സിഐയിലെ ലോറി തൊഴിലാളികളുടെ പാർക്കിംഗ് വിഷയവും ചർച്ച ചെയ്തു. താമസിയാതെ ലോറി തൊഴിലാളികളെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ലോറികൾക്കുള്ള പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ഡിആർഎം അറിയിച്ചു. തുവൂരിലെ സയിദ് ചാത്തോലി വരച്ച ചിത്രം ഡിആർഎമ്മിന് ട്രെയിൻ ടൈം കൂട്ടായ്മ ചിഫ് കോ ഓർഡിനേറ്റർ സലിം ചുങ്കത്ത് സ്നേഹോപഹാരമായി കൈമാറി.